Skip to main content

ഉപദ്രവകാരിയാവുന്ന വാട്സ്ആപ്പ് മെസ്സേജുകൾ

വാട്സ്ആപ്പിൽക്കൂടി എല്ലാ ദിവസവും കുറെ ഗ്രാഫിക് ഗുഡ്മോർണിംഗ് മെസ്സേജുകൾ ലഭിക്കാറുണ്ട്. ഈ മെസ്സേജുകൾക്ക് ഒരു രീതിയിലുമുള്ള പ്രതികരണവും എന്റെ ഭാഗത്തുനിന്നും ഇല്ലാത്തതുകൊണ്ട് ചിലരൊക്കെ ഈ പരിപാടി നിർത്തി. എന്നാൽ വർഷങ്ങളായി ഇത് മുടങ്ങാതെ അയക്കുന്നവരുമുണ്ട്. ഇങ്ങിനെ മെസ്സേജുകൾ അയക്കുന്ന ആരോടും ഇത് നിർത്തണമെന്നോ ഇങ്ങിനെ ഗ്രാഫിക് മെസ്സേജുകൾ അയക്കുന്നത് ഒരു നല്ല രീതി അല്ലെന്നോ ഞാൻ ഇതേവരെ പറഞ്ഞിട്ടില്ല. അവരുമായുള്ള സൗഹൃദത്തിന് വലിയ വില കൽപ്പിക്കുന്നുവെന്നതുതന്നെയാണ് അതിന്റെ കാരണം. എന്റെ സുഹൃത്തുക്കളുമായുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 

എന്നാൽ, മറ്റൊരു രീതിയിലുള്ള ചിന്തയും എന്നെ അലട്ടിയിരുന്നു. ഗ്രാഫിക് മെസ്സേജുകൾ അയക്കുന്നതിന്റെയും വാട്സ്ആപ്പിൽകൂടി പ്രാധാന്യമില്ലാത്ത മെസ്സേജുകൾ അയക്കുന്നതിന്റെയും ദൂഷ്യവശങ്ങൾ ഒരു പക്ഷെ അവർക്ക് അറിയാത്തതാണെങ്കിൽ ഇവരിൽനിന്നും ഇത്തരം മെസ്സേജുകൾ കിട്ടുന്ന മറ്റു പലരും ഇവരെ സ്ഥിരം ശല്യക്കാരായി കണക്കാക്കുകയും പരിഹസിക്കുകയും ചെയ്യുമല്ലോ എന്നോർത്തപ്പോളാണ് മനസ്സിന് നൊമ്പരമുള്ള ആ ചിന്തകൾ ഉടലെടുത്തത്. യഥാർത്ഥ സൗഹൃദം ആണെങ്കിൽ ആ സുഹൃത്തുക്കളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കാനുള്ള ഉത്തരവാദിത്തം കൂടി നിർവ്വഹിക്കണം എന്ന തോന്നൽ അങ്ങിനെ മനസ്സിൽ ബലപ്പെട്ടു.

പ്രാധാന്യം കുറഞ്ഞ മെസ്സേജുകളും ഗ്രാഫിക് മെസ്സേജുകളും 
എല്ലാ ദിവസവും അയക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. വാഹനം ഓടിക്കുമ്പോളായിരിക്കും ചിലപ്പോൾ മെസ്സേജ് വന്നിട്ടുണ്ടെന്നുള്ള നോട്ടിഫിക്കേഷൻ ലഭിക്കുന്നത്. എന്തെങ്കിലും അത്യാവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് വീട്ടിൽനിന്നോ ജോലി സ്ഥലത്തുനിന്നോ വന്ന മെസ്സേജാണെങ്കിലോയെന്നു കരുതി വാഹനം സൈഡിൽ നിർത്തി ഫോണെടുത്തു നോക്കുമ്പോൾ ഗുഡ്മോർണിംഗ് മെസ്സേജാണെങ്കിൽ അത് അയച്ച ആളോട് വലിയ ഈർഷ്യ തോന്നുന്നത് സ്വഭാവികമാണ്.

  2. സ്ഥിരമായി ഗുഡ്മോർണിംഗ് മെസ്സേജ് അയക്കുന്നവർ ഇടയ്ക്ക് എന്തെങ്കിലും പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ച് മെസ്സേജ് അയച്ചാൽ അത് വായിക്കപ്പെടാതെ പോകാനുള്ള സാധ്യതകൾ കൂടുതലാണ്.

  3. അയക്കുന്നത് ഗ്രാഫിക് മെസ്സേജ് ആണെങ്കിൽ ഇത് ലഭിക്കുന്ന ആൾക്ക് ആ ഗ്രാഫിക് ഡൌൺലോഡ് ചെയ്യുമ്പോൾ ഡാറ്റ നഷ്ടമാകും. പല പ്ലാനുകൾക്കും ഒരു ദിവസം പരമാവധി 1 ജിബി അല്ലെങ്കിൽ 2 ജിബി എന്ന നിബന്ധനയുണ്ടാവും. ഇങ്ങിനെ കുറെ ഗ്രാഫിക്സ് ഡൌൺലോഡ് ചെയ്താൽ ഉച്ചയോടുകൂടി ഡാറ്റാ പരിധി തീരും.

  4. ഗ്രാഫിക് മെസ്സേജുകളിലെ ചിത്രങ്ങൾ (ഇമേജ്) വാട്സ്ആപ്പ് ഗാലറിയിൽ സ്റ്റോർ ചെയ്യപ്പെടും. ഇത്തരത്തിൽ സ്റ്റോർ ചെയ്യപ്പെടുന്നതിന് ചിത്രത്തിന്റെ റെസൊല്യൂഷൻ അനുസ്സരിച്ചു ഫോണിന്റെ മെമ്മറി ഉപയോഗിക്കും. മെമ്മറി കുറവുള്ള ഫോണുകളാണെങ്കിൽ പെട്ടെന്ന് സ്പീഡ് കുറയും, ഫോൺ ഹാങ്ങാകും.

  5. അനാവശ്യ ചിത്രങ്ങളും വീഡിയോകളും ഫോണിന്റെ മെമ്മറിയിൽനിന്നും ഡിലീറ്റ് ചെയ്ത് മെമ്മറി ഫ്രീയാക്കുന്ന വിദ്യ എല്ലാവർക്കും വശമുണ്ടാവില്ല. അവർ ഫോൺ കേടായിയെന്ന് കരുതി പുതിയ ഫോൺ വാങ്ങും.

  6. ചിലർ ഫോൺ കേടായിയെന്നു കരുതി റിപ്പയർ ചെയ്യുന്ന കടകളിൽ കൊടുക്കും. അപ്പോഴായിരിക്കും മെമ്മറി ഫുള്ളായി കുറേ ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യേണ്ടിവരുമെന്ന വിവരം നാം അറിയുന്നത്. അവരുടെ പക്കൽ നാം കുറേസമയമെങ്കിലും ഫോൺ കൊടുക്കേണ്ടി വരും. അങ്ങിനെ നമ്മുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ മറ്റുള്ളവർക്ക് അവസ്സരം ലഭിക്കും.

നിരുപദ്രവകരമായ സ്നേഹപ്രകടനമെന്നു കരുതി നമ്മൾ നിത്യവും അയക്കുന്ന മെസ്സേജുകൾക്ക് ഇത്തരം പ്രശ്നങ്ങൾ ശ്രഷ്ടിക്കുവാനുള്ള കെൽപ്പുണ്ടെന്നുള്ളത് ഒരു പക്ഷെ നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. “Good Morning” എന്നോ “സുപ്രഭാതം” എന്നോ ടൈപ്പ് ചെയ്ത് അയച്ചാൽ സമയം ലാഭിക്കാം, ഡാറ്റാ ലാഭിക്കാം, സൗഹൃദം കുറേക്കൂടി ഊഷ്മളമാക്കാം! 

കുറേ ആളുകൾ ഒരേ പോസിൽ നിൽക്കുന്ന അനേകം ഫോട്ടോകളും വീഡിയോകളും പള്ളിയുടെയും മറ്റു സംഘടനകളുടെയും ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടാറുണ്ട്. ഇവയെല്ലാം ഹൈ റിസൊല്യൂഷൻ ഉള്ള ഫോട്ടോകളും മണിക്കൂറുകൾ ദൈർഘ്യമുള്ള വീഡിയോകളുമാണ്.. ഗ്രൂപ്പിലുള്ള എല്ലാവരുടെയും ഫോണുകളിൽ ഇവ ഡൌൺലോഡ് ചെയ്യപ്പെടുകയും ആ ഫോണുകളുടെ മെമ്മറിയുടെ നല്ലൊരു ഭാഗം കവർന്നെടുക്കുകയും ചെയ്യും. ഇത്തരം സംഘടനകൾ ഒരു ജിമെയിൽ അക്കൗണ്ടും യൂട്യൂബ് ചാനലും ശ്രഷ്ടിച്ചു ഈ ഫോട്ടോകളും വീഡിയോകളും അവിടെ അപ്‌ലോഡ് ചെയ്ത് അതിന്റെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയാണ് വേണ്ടത്. ഫ്രീയായി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചെയ്യാവുന്ന ഇക്കാര്യങ്ങളിൽ അറിവും പരിചയവും ഉള്ളവരെ ആയിരിക്കണം ഗ്രൂപ്പ്‌ അഡ്മിൻമാരായി നിയമിക്കേണ്ടത്.

Mathews Jacob
+91 79072 28608